കല്പറ്റ: അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചെന്ന കേസില്‍ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ജാമ്യമില്ല. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് വിവരം.
സുല്‍ത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് വൈകിട്ട് നാലിന് കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യം അനുവദിക്കാൻ തയ്യാറായില്ല.
മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിന്റെ ഭാഗത്തുനിന്ന് പ്രധാനമായും ഉയർന്നത്. ഈ വാദം പരിഗണിച്ച കോടതി, മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടും പ്രതിഭാഗത്തോടും നിർദേശിച്ചു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷവും കേസിന്റെ മെറിറ്റിലേക്ക് കടന്നുമാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ആന്റോയുടെ മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും ഗൗരവമുള്ള വിഷയമാണെന്ന് നേരത്തെ നിരീക്ഷിച്ച ഹൈക്കോടതി കേസ് പരിഗണിക്കാനായി ഇന്ന് നാലുമണിയിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ചൊവ്വാഴ്ചയ്ക്ക് മുമ്പ് കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വീട്ടില്‍ നിന്ന് വൻതോതില്‍ വിദേശമദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്ത മദ്യത്തില്‍ വ്യാജമദ്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മദ്യത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നു
സംഭവത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം തടസപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതിക്ക് സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിശദവും രഹസ്യസ്വഭാവമുള്ളതുമായ അന്വേഷണം ആവശ്യമാണെന്നും എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.






