കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ മാനന്തവാടി ജയിലില്‍ റിമാൻഡില്‍ കഴിയുന്ന റിപ്പോർട്ടർ ചാനല്‍ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രൊഡക്ഷൻ വാറന്റ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആൻ്റോയെ ബത്തേരി കോടതിയില്‍ ഹാജരാക്കുന്നത്. കേസില്‍ എക്സൈസ് നല്കിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.






