കോട്ടയം : സിക്കിമില്‍ തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മണ്ണിടിഞ്ഞ് മരിച്ച മലയാളി അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. അതിനുള്ള ശ്രമം നോര്‍ക്ക ഊര്‍ജ്ജിതമാക്കി. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മ്മിക്കുന്ന തുരങ്കമായിരുന്നു തിങ്കളാഴ്ച തകര്‍ന്നത്. അണക്കെട്ടില്‍ നിന്നും വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നുനിര്‍മ്മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്.
നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്നു അനീഷ്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈല്‍ വാതകച്ചോര്‍ച്ച മൂലമുണ്ടാകുന്ന സ്ഫോടനമാണ് തുരങ്കം തകരാന്‍ കാരണമായതെന്നാണ് വിവരം. കുട്ടിക്കാലം മുതല്‍ ജിയോളജി, ശാസ്ത്ര വിഷയങ്ങളില്‍ വലിയ താല്പര്യമുള്ളയാളായിരുന്നു അനീഷ്.
ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒയില്‍ ഗവേഷണം നടത്തി വരുന്നതിനിടെയായിരുന്നു അനീഷ് 2011ല്‍ ഹരിയാനയില്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിച്ചുവരികയായിരുന്നു.
ഏഴ് മാസം മുമ്പാണ് അനീഷ് സിക്കിമിലേക്ക് ജോലിക്കായി പോയത്. ജിയോളജിസ്റ്റ് ആയ അനീഷ് എഴുത്തുകാരനും വ്ളോഗറുമാണ്. 'സയന്റിഫിക് മലയാളി' എന്ന പേരില്‍ അനീഷ് ആരംഭിച്ച യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്സും ഉണ്ട്.






