കൊച്ചി: ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ കോടതിയിലെത്തുന്നതിൽ ഹൈക്കോടതിയുടെ വിമർശനം. സംഘടനയ്ക്ക് വേണ്ടി പ്രത്യേക കോടതി തന്നെ വേണ്ടിവരുമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
നടി അൻസിബ ഹസന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനിരിക്കെ, ഇവരുടെ പ്രശ്നങ്ങൾ പരിഗണിക്കാനേ സമയമുള്ളൂവെന്നും കോടതി വിമർശിച്ചു.
‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായത്. ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചതോടെ വിഷയങ്ങൾ പിന്നീട് വിവിധ കോടതികളിലെ കേസുകളായി മാറി.
ഇതിനിടെ അൻസിബയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർച്ചയായി ഹർജികൾ എത്തുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം. ഏറ്റവും ഒടുവിലാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി പ്രിയ ഹൈക്കോടതിയെ സമീപിച്ചത്.






