കൊച്ചി: അമ്മയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന ആവശ്യമുയര്‍ത്തി ഒരു വിഭാഗം. സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് നാല് അംഗങ്ങള്‍ കത്തയച്ചു.
അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവരാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്.
അമ്മ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേത മേനോന് നല്കിയ ഹര്‍ജി നാളെ മുന്‍സിഫ് കോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രധാന നീക്കം. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്കിയ അപേക്ഷയിലും നാളെ വാദം കേള്‍ക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ജൂണ്‍ 21ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നടന്ന പല കാര്യങ്ങളും മാറ്റിയാണ് മിനുട്ട്സ് തയ്യാറാക്കിയതെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നുമാണ് നാല് അംഗങ്ങളുടേയും നിലപാട്. കൂടാതെ സാമ്പത്തിക നിയന്ത്രണം അഡ്ഹോക് കമ്മിറ്റിക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ രാജിവയ്ക്കുന്നുവെന്ന് ശ്വേത മേനോന് അടക്കമുള്ളവര്‍ ജനറല്‍ ബോഡിയില്‍ വച്ച് പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നീക്കം. ഈ അവസരത്തില്‍ ശ്വേത മേനോന് ഭരിക്കാന്‍ എന്ത് അവകാശമെന്നും ഇവര്‍ ചോദിക്കുന്നു.






