ഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്താത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. വിദ്യാർഥികള്‍ക്കെതിരായ പൊലീസ് നടപടിയിലും അയോധ്യയിലെ സംഭാവനയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അമിത് ഷാ സഭയിലെത്തുന്നതുവരെ പ്രതിഷേധത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോഴും അമിത് ഷായുടെ സഭയിലെ സാന്നിധ്യം പ്രതിപക്ഷം പ്രധാന രാഷ്ട്രീയ വിഷയമാക്കുകയാണ്. ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്കായി നാല് പ്രധാന ബില്ലുകളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കേണ്ടത് അമിത് ഷായാണ്. അതിനാല്‍ ഇന്ന് അദ്ദേഹം സഭയിലെത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതുവരെയും അമിത് ഷാ എവിടെയെന്ന് ഒരു അറിവും ഇല്ലാത്ത അവസ്ഥയാണ്.
കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. അമിത് ഷാ തന്നെയാണ് ബില്‍ അവതരിപ്പിക്കേണ്ടത്. ഇതോടെ ദിവസങ്ങളായി തുടരുന്ന 'അമിത് ഷാ എവിടെ?' എന്ന പ്രതിപക്ഷ പ്രതിഷേധത്തിന് ഇന്ന് സഭയില്‍ തന്നെ മറുപടി ലഭിക്കുമോയെന്ന ആകാംക്ഷയും ശക്തമാണ്.
അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന നേരത്തെയുള്ള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വന്നിട്ടില്ല. ഇന്നത്തെ ലോക്സഭ അജൻഡയില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ബില്‍ അവതരിപ്പിക്കുന്നതില്‍ സർക്കാർ തല്ക്കാലം വേഗം കുറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എഫ്സിആർഎ ഭേദഗതി ബില്‍ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്ന ആവശ്യവുമായി മിസോറാം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ബില്ലിലെ വ്യവസ്ഥകളെച്ചൊല്ലി പ്രതിപക്ഷത്തിലും വിവിധ സംഘടനകളിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കവും ശ്രദ്ധേയമാകുന്നത്.
ഇതിനിടെ, ഇന്നത്തെ സഭാ നടപടികളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചർച്ച ചെയ്യാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ യോഗം ചേരും. മല്ലികാർജുൻ ഖർഗെയുടെ ചേംബറിലാണ് യോഗം. സഭയില്‍ അമിത് ഷായെ ലക്ഷ്യമിട്ടുള്ള പ്രതിഷേധം ശക്തമാക്കണമോ, വിവിധ ബില്ലുകളെ എങ്ങനെ നേരിടണമോ തുടങ്ങിയ കാര്യങ്ങളില്‍ യോഗത്തില്‍ ധാരണയുണ്ടാക്കും.
അമിത് ഷാ ഇന്ന് സഭയിലെത്തുമോ? കേരളത്തിന്റെ പേര് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കുമോ? എഫ്സിആർഎ ഭേദഗതി ബില്‍ എപ്പോള്‍ എത്തും? വർഷകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാർലമെന്റില്‍ ഇന്ന് വീണ്ടും രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്.






