മുംബൈ: ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.
ഗുണ്ടാത്തലവൻ ഗോള്‍ഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി. എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകള്‍ നിർമ്മിച്ചാലും രക്ഷപ്പെടില്ലെന്ന് പോസ്റ്റില്‍ മുന്നറിയിപ്പ്.1984-ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചുള്ള മുന്നറിയിപ്പ്. മുംബൈയില്‍ രണ്ട് ഷൂട്ടർമാരെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണി സന്ദേശം.
മുംബൈയില്‍ ഇരുനൂറോളം കൂട്ടാളികള്‍ സജ്ജമാണെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.എന്നാല്‍ പോസ്റ്റിന്റെ ആധികാരികത പരിശോധിക്കുന്ന പൊലീസ്, ബച്ചൻ കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കി. വികാസ് താക്കൂർ, ദീപക് സിങ് എന്നീ ഷൂട്ടർമാരെയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം പിടികൂടിയത്. സല്മാൻ ഖാൻ, ആമിർ ഖാൻ, രണ്‍വീർ സിങ്, കപില്‍ ശർമ, ഗുരു രണ്‍ധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍. അതിനിടെ, ഗുജറാത്തിലെ സബർമതി ജയിലില്‍ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ പട്ടിക ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷ്ണോയി ജയിലില്‍ നിന്ന് ഗുണ്ടാ സംഘത്തെ നിയന്ത്രിക്കുന്നു എന്ന സംശയവും ശക്തമാണ്.






