കണ്ണൂർ: ചെറുപുഴയില്‍ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസ് വിളിക്കാൻ പയ്യന്നൂർ തഹസില്‍ദാർ പണം ആവശ്യപ്പെട്ടെന്ന് ഗുരുതര ആരോപണം.
ആംബുലൻസിനായി 25,000 രൂപ വേണമെന്ന് തഹസില്‍ദാർ ആവശ്യപ്പെട്ടതായി ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അനൂപ് വി.എ ആരോപിച്ചു. സംഭവത്തില്‍ കണ്ണൂർ ജില്ലാ കളക്ടർക്ക് ഔദ്യോഗികമായി പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് തങ്ങള്‍ തന്നെ ക്രമീകരിക്കാമെന്ന് റാഫ്റ്റിംഗ് ടീം തഹസില്‍ദാരെ അറിയിച്ചിരുന്നു. എന്നാല്‍ ആംബുലൻസ് വേണ്ടെന്നും പണമായി തന്നെ തന്നാല്‍ മതിയെന്നുമായിരുന്നു തഹസില്‍ദാരുടെ നിലപാടെന്ന് അനൂപ് പറഞ്ഞു. തുടർന്ന് ചെറുപുഴ പഞ്ചായത്ത് അംഗത്തിന് തങ്ങള്‍ 10,000 രൂപ നല്‍കിയെന്നും,
എന്നാല്‍ ഈ തുക പിന്നീട് പഞ്ചായത്ത് മെമ്പർ തങ്ങള്‍ക്ക് തിരികെ നല്‍കിയെന്നും അനൂപ് കൂട്ടിച്ചേർത്തു. ആരോപണം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്റണിയും രംഗത്തെത്തിയിട്ടുണ്ട്. വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാള്‍ ചെയ്യുന്നതിനായി അനൂപിന്റെ അടുത്തേക്ക് എത്തിയതായിരുന്നു മരണപ്പെട്ട രാജേഷ്.
അതേസമയം, ആരോപണങ്ങളില്‍ മറുപടിയുമായി പയ്യന്നൂർ തഹസില്‍ദാർ രംഗത്തെത്തി. ആംബുലൻസ് വാടക കണ്ടെത്തുന്നതിനായി ആദ്യഘട്ടത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് തഹസില്‍ദാർ വ്യക്തമാക്കി. ആ സമയത്താണ് റിവർ റാഫ്റ്റിംഗ് ടീമിനോടും സഹായം ചോദിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.






