കോട്ടയം: മലരിക്കല്‍ ആമ്പല്‍ വസന്തം കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി സർവീസ് നടത്തുന്ന ഏഴ് ഫൈബർ ബോട്ടുകളുടെ പെട്രോള്‍ ടാങ്കില്‍ ഉപ്പുകല്ലിട്ട് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.
ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമകള്‍ പറയുന്നു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്കി.
കാഞ്ഞിരം, മലരിക്കല്‍, കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ദിബിൻ കുറ്റിത്താരാടി, പീതാംബരൻ പാണ്ടങ്കേരി, പ്രമീഷ് പാണ്ടങ്കേരി, കിരണ്‍ കളത്തില്‍, അച്ചുകുട്ടൻ കുമ്പളങ്കേരി, നോബിള്‍ ചെമ്മരപ്പള്ളി എന്നിവരുടെ ബോട്ടുകളിലാണ് ഉപ്പ് നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ഇന്നലെ പുലർച്ചെ സഞ്ചാരികളുമായി യാത്ര ചെയ്യുന്നതിനിടെ ബോട്ട് ഓഫായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കില്‍ ഉപ്പുകല്ല് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് ആറ് ബോട്ടുകളിലും ഉപ്പ് നിക്ഷേപിച്ചതായി കണ്ടെത്തിയത്.
കുറ്റിത്താരാടി കടവില്‍ 36 ബോട്ടുകളും മലരിക്കലിലെ മൂന്ന് കടവുകളിലായി ആമ്പല്‍ സീസണില്‍ 200 ബോട്ടുകളുമാണ് സർവീസ് നടത്തുന്നത്. ആമ്പല്‍ വസന്തം ഇനിയും 15 ദിവസം തുടരുമെന്നിരിക്കെ സർവീസ് മുടങ്ങിയതോടെ ദിവസ വരുമാനവും നഷ്ടമായിരിക്കുകയാണ്.






