കോട്ടയം : കാറ്ററിംഗ് മേഖലയ്ക്ക് ആവശ്യമായ അംഗീകാരം സംസ്ഥാനസർക്കാർ നല്‍കുമെന്ന് മന്ത്രി സി. പി. ജോണ്‍.
ഓള് കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ പ്രമുഖ രാണ് കാറ്ററർമാർ. പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷത്തോളം പേർക്കു തൊഴില്‍ നല്കുന്ന വിഭാഗമാണ് കാറ്ററർമാർ. കാറ്ററിംഗ് വാഹനങ്ങള്‍ പ്രൈവറ്റ് ഗുഡ്സ് ഇനത്തില്പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എലിയാസ് സഖറിയ അധ്യക്ഷത വഹിച്ചു. എകെസിഎ അംഗങ്ങളുടെ വാഹനങ്ങളില്‍ പതിക്കാനുള്ള ലോഗോയുടെ പ്രകാശനം നിയമസഭാ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിർവഹിച്ചു.
കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, സജി ജേക്കബ്, ടി.കെ. രാധാകൃഷ്ണൻ, നരേന്ദ്ര സോമാനി, ബാദുഷ കടലുണ്ടി, വി. കെ. വർഗീസ്, പ്രിൻസ് ജോർജ് , റോബിൻ കെ, പോള്‍, എം. ജെ. താഹ, മനോജ് മാധവശേരില്‍, പ്രശാന്ത് കുമാർ ആതിര, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ സംസ്ഥാന രക്ഷാധികാരി വി. കെ. വർഗീസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്കി ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയെടുത്തു.
ഭക്ഷ്യ ഉപകരണ പ്രദർശനം കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിൻ കെ.പോള്‍ റിപ്പോർട്ട് അവതരിപ്പിച്ചു.
കാറ്ററിംഗ് യൂണിറ്റുകളെ അവശ്യമേഖലയായി പ്രഖ്യാപിക്കണമെന്നും വാഹനങ്ങളെ പ്രൈവറ്റ് ടാക്സിയായി പ്രഖ്യാപിക്കണമെന്നും മാലിന്യസംസ്കരണം കുട്ടികളെ സ്കൂളുകളില്‍നിന്ന് പഠിപ്പിക്കാൻ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് നാഗന്പടത്തുനിന്ന് തിരുനക്കരയിലേക്ക് സാംസ്കാരികറാലി നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.






