കായംകുളം: വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനുള്ളില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരവുമായി മധ്യവയസ്കന് പിടിയില്‍.
പുല്ലുകുളങ്ങര സ്വദേശി വിനീഷ് (47) ആണ് ഹരിപ്പാട് എക്സൈസ് സർക്കിള്‍ ഓഫീസിലെ സംഘത്തിന്റെ പിടിയിലായത്.
പ്രതി വളരെ നാളുകളായി പ്രദേശത്ത് നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തിവരികയായിരുന്നു. മുൻപും എക്സൈസ് സംഘം ഇയാളുടെ വീട്ടില്‍ പലതവണ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഇന്ന് ലഭിച്ച കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ രഹസ്യ അറയില്‍ നിന്ന് മദ്യശേഖരം പിടികൂടിയത്.
ഹരിപ്പാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എം മഹേഷിന്റെ നിർദേശപ്രകാരം പ്രിവന്റീവ് ഓഫീസർ ടോണി ടി, സി ഇ ഒമാരായ ഷഫീഖ്എം, സുരേഷ് ആർ, ഡബ്ല്യു സി ഇ ഒ ആര്യ ദേവി എം വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






