ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ള കീഴടങ്ങി.
കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിനെതിരായ പരാതികളിലാണ് നടപടി.
കേസില്‍ ഫിനാൻസ് മാനേജർ ടിനു തമ്പാൻ നേരത്തെ അറസ്റ്റിലായിരുന്നു. കുറത്തികാട് പൊലീസാണ് കേസിലെ മുഖ്യപ്രതിയായ രാധാകൃഷ്ണപിള്ളയെ പിടികൂടിയത്.
ശ്രീലകം ഫിനാൻസിനെതിരെ നൂറിലധികം പേരാണ് പരാതി നല്‍കിയിട്ടുള്ളത്. കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളില്‍ നിന്ന് സ്വർണം പണയം വാങ്ങിയശേഷം, പണയം വെച്ച സ്വർണം തിരികെ എടുക്കാൻ എത്തിയപ്പോള്‍ സ്വർണം ലഭ്യമല്ലെന്ന് അറിയിച്ചതായാണ് പരാതികളില്‍ പറയുന്നത്.
കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. സ്വർണം പണയം വെച്ചവർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നതെന്നാണ് പരാതികളില്‍ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കുറത്തികാട് പൊലീസ് ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ള കീഴടങ്ങിയത്.
ഏകദേശം 100 പവൻ സ്വർണം പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും തുടർനടപടികള്‍ സ്വീകരിക്കുമെന്ന് കുറത്തികാട് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.






