ആലപ്പുഴ: കൈനകരിയിൽ കാർ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു.
കൈനകരി പഞ്ചായത്ത് ഒമ്പതാംവാർഡ് തോട്ടുവാത്തല ചാണാംപള്ളി വീട്ടിൽ ഷിന്റു (27) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം.
ബന്ധുവിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം തിരികെ വരുമ്പോൾ പഞ്ചായത്ത് റോഡിൽനിന്ന് കാർ വെള്ളത്തിലേക്ക് പതിച്ചാണ് അപകടം.
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി ഏറെ ശ്രമപ്പെട്ടാണ് കാർ ഉയർത്തിയത്.
തോടിന് ആഴം കൂടുതലായിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും ഇവിടേക്ക് വാഹനം കടന്നെത്താൻ ഏറെ ബുദ്ധിമുട്ടി.
വെള്ളത്തിൽ മുങ്ങിയ കാറിൽനിന്ന് നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് ആളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സ്ഥലത്തെത്തിയ നെടുമുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
പിതാവ്: ജോഷി (റിട്ട. സൈനിക ഉദ്യോഗസ്ഥൻ). മാതാവ്: ഷിബി. ഭാര്യ: അഞ്ചിത. മകൾ: മിൻഹ (ഏഴുമാസം). സഹോദരൻ: ഷിദിൻ






