സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് പരിഹാസരൂപേണ മറുപടിയുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ട്രോളുകൾ ഉണ്ടാക്കിയും കമന്റുകൾ ഇട്ടും സമയം കളയുന്നതിന് പകരം തനിക്കെതിരെ വീഡിയോകൾ ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യാനാണ് അഖിൽ മാരാർ പറയുന്നത്. അങ്ങനെ ചെയ്താൽ വരുമാനം ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
“ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം കിട്ടില്ല. പകരം എനിക്കെതിരെ വീഡിയോ ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യൂ, പ്രയോജനമുണ്ടാകും. ഓണമായിട്ട് ഞാൻ മൂലം നിങ്ങൾക്ക് എന്തെങ്കിലും കിട്ടണമല്ലോ,” എന്നാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്. ജൂലൈ 25 മുതൽ ‘അഗ്നിപരീക്ഷ’ ഷൂട്ടിന്റെ തിരക്കിലാണെന്നും ജിഎസ്ടി ഉൾപ്പെടെ ഒരു ദിവസം ഒന്നര ലക്ഷത്തോളം രൂപയാണ് ശമ്പളമെന്നും പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ബിഗ് ബോസ് മലയാളം സീസൺ 8-ലെ ‘അഗ്നിപരീക്ഷ’ പരിപാടിയിൽ റിയാസ് സലീമിനും രഞ്ജിനി ഹരിദാസിനുമൊപ്പം അഖിൽ മാരാറും ജഡ്ജാണ്. മത്സരാർഥികൾക്ക് പരീക്ഷണങ്ങൾ നിറഞ്ഞ ടാസ്കുകൾ നൽകുകയാണ് ജഡ്ജസിന്റെ പ്രധാന ചുമതല. ഷോയുടെ ഇൻട്രോയ്ക്ക് ശേഷം 40 മത്സരാർഥികളിൽ നിന്ന് ആദ്യഘട്ടത്തിൽ 20 പേരെയാണ് വേദിയിലേക്ക് തിരഞ്ഞെടുത്തത്. ‘മണിച്ചിത്രത്താഴ്’ എന്ന ടാസ്കിലൂടെയായിരുന്നു ആദ്യഘട്ട തിരഞ്ഞെടുപ്പ്.






