മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകലിൽ വീണ്ടും ട്വിസ്റ്റ്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്.
യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.
ദുബായിൽനിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്.
സംഭവം സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു.
സിനിമാ സ്റ്റൈലിൽ നടന്ന ചേസിങ്ങിനൊടുവിൽ പുളിക്കലിൽവെച്ചാണ് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചത്.






