കോട്ടയം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമ്പോൾ കോട്ടയം വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
വെള്ളൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ എയിംസിനായി നിർദേശിക്കപ്പെട്ടിട്ടുള്ള വിവിധ സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പരിശോധന നടത്തിവരികയാണ്. പരിശോധനാ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറിയ ശേഷം റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കോട്ടയം–എറണാകുളം ജില്ലകളുടെ അതിർത്തിയോട് ചേർന്ന് വെള്ളൂരിലെ കെ.പി.പി.എല്ലിനോട് ചേർന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കാൻ ഏറെ അനുയോജ്യമാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങൾ, സമീപത്തുള്ള വിമാനത്താവളങ്ങൾ, ആവശ്യമായ ജലലഭ്യത എന്നിവ വെള്ളൂരിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതായും എം.പി. ചൂണ്ടിക്കാട്ടി.
കൂടാതെ, കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ കോട്ടയം മെഡിക്കൽ കോളജിനോട് ചേർന്ന് സ്ഥാപിക്കുക, ഫിസിയോതെറാപ്പി സെന്ററിന്റെ വിപുലീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുക, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.






