കോട്ടയം : എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ കോട്ടയം ജില്ല സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്ത്. ജില്ലയിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ രോഗം സ്ഥിരീകരിച്ചത് 351 പേർക്കാണ്. നടപ്പു സാമ്പത്തിക വർഷം സെപ്തംബർ വരെ മാത്രം 45 പേരിൽ രോഗം സ്ഥിരീകരിച്ചു. അതേസമയം രോഗികളുടെ എണ്ണം ഉയരുന്നത് പരിശോധന കാര്യക്ഷമമായതിനാലാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലഹരി കുത്തിവയ്ക്കാൻ ഒരു സിറിഞ്ച് തന്നെ പലരും ഉപയോഗിക്കുന്നതുൾപ്പെടെയുള്ള കാരണങ്ങളാണ് രോഗത്തിന് കാരണം. നേരത്തെ രോഗബാധയുണ്ടായിരുന്നെങ്കിലും പരിശോധന നടത്താത്തവരിൽ ഇപ്പോൾ രോഗം കണ്ടെത്തുന്ന സാഹചര്യമുണ്ട്.
എച്ച്.ഐ.വി ബാധ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. അതിനാൽ അപകടസാദ്ധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളവർ പരിശോധനയ്ക്ക് വിധേയരാകുന്നത് പ്രധാനമാണ്. നേരത്തേ രോഗബാധ കണ്ടെത്താനായാൽ ആവശ്യമായ ചികിത്സ ആരംഭിക്കാനും രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ട രീതിയിൽ നിലനിർത്താനും സാധിക്കും.
രോഗം സ്ഥിരീകരിക്കുന്നവരിൽ കൗമാരക്കാരും യുവാക്കളുമാണ് കൂടുതൽ. നാൽപ്പത് വയസിന് താഴെയുള്ളവർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ജയിൽ തടവുകാരിലും ലൈംഗിക തൊഴിലാളികളിലും അന്യസംസ്ഥാന തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.






