ഡൽഹി: ധുരന്ധർ 2-ന്റെ 11-ാം ദിവസത്തെ ആഗോള ഗ്രോസ് കളക്ഷൻ മറികടന്ന രണ്‍ബീർ കപൂർ - സായ് പല്ലവി കൂട്ടുകെട്ടിലെത്തിയ 'രാമായണം' കുതിക്കുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. രണ്ടാം തിങ്കളാഴ്ചയും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്. 22,395 ഷോകളിലൂടെ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 32 കോടി രൂപ (നെറ്റ്) നേടി. ഇതോടെ ആഭ്യന്തര വിപണിയിലെ ആകെ ഗ്രോസ് കളക്ഷൻ 947.25 കോടി രൂപയായും നെറ്റ് കളക്ഷൻ 792.60 കോടി രൂപയായും ഉയർന്നു. ആദ്യ വാരാന്ത്യത്തിന് ശേഷം ചെറിയ ഇടിവുണ്ടെങ്കിലും, രണ്ടാം വാരാന്ത്യത്തില്‍ 18.91% വളർച്ചയോടെ ചിത്രം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
സാക്നില്‍ക് റിപ്പോർട്ട് പ്രകാരം, 12-ാം ദിവസവും 22,395 ഷോകളിലായി ചിത്രം 32 കോടി രൂപ നേടി. വിദേശ മാർക്കറ്റില്‍ നിന്ന് 10 കോടി രൂപ കൂടി നേടിയതോടെ ആകെ ഓവർസീസ് കളക്ഷൻ 490 കോടി രൂപയായി. ഇതുവഴി ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ ഗ്രോസ് കളക്ഷൻ 1,437.25 കോടി രൂപയിലെത്തി. 12-ാം ദിവസം ഹിന്ദി പതിപ്പ് മാത്രം 17,768 ഷോകളില്‍ നിന്ന് 23.75 കോടി രൂപ നേടി. മറ്റ് ഭാഷകളിലെ കളക്ഷൻ പരിശോധിക്കുമ്പോള്‍ മലയാളത്തില്‍ നിന്ന് 2.85 കോടി രൂപയും, കന്നഡയില്‍ നിന്ന് 2 കോടി രൂപയും, തമിഴില്‍ നിന്ന് 1.90 കോടി രൂപയും, തെലുങ്കില്‍ നിന്ന് 1.50 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 64.85 കോടി രൂപയും തുടർ ദിവസങ്ങളില്‍ 48.05 കോടി രൂപയും ചിത്രം വാരിക്കൂട്ടിയിരുന്നു. ആദ്യ തിങ്കളാഴ്ച തന്നെ നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ അന്നത്തെ വരുമാനം 346.35 കോടി രൂപയായിരുന്നു.
ഉത്സവകാലം അവസാനിച്ചതിനെ തുടർന്ന് തിയേറ്ററുകളില്‍ പ്രേക്ഷകരെ നിലനിർത്തുന്നതിനായി നിർമ്മാതാക്കളും ധർമ്മയുടെ വിതരണ സംഘവും ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദർശ് വ്യക്തമാക്കി. “രാമായണത്തിന്റെ ഹിന്ദി പതിപ്പ് വാരാന്ത്യം 2-ല്‍ വൻ വിജയമാണ് നേടിയത്. ആദ്യ വാരാന്ത്യത്തെ അപേക്ഷിച്ച് രണ്ടാം വാരാന്ത്യത്തിലെ വെള്ളിയാഴ്ച മുതല്‍ ഞായർ വരെയുള്ള ബിസിനസ്സില്‍ 18.91% വളർച്ചയുണ്ടായി,” എന്ന് അദ്ദേഹം പറഞ്ഞു. അവധിക്കാലം കഴിഞ്ഞുള്ള പ്രവൃത്തിദിനങ്ങളില്‍ ചിത്രം എത്രത്തോളം പിടിച്ചുനില്‍ക്കുന്നുവെന്നത് ബോക്സ് ഓഫീസില്‍ നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തില്‍ 1,000 കോടി രൂപ ക്ലബ്ബില്‍ പ്രവേശിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ചിത്രമായി ‘രാമായണം’ മാറിയിരിക്കുന്നു. കളക്ഷൻ വേഗതയുടെ കാര്യത്തില്‍ ‘ബാഹുബലി 2’-ന്റെ റെക്കോർഡ് മറികടന്ന ചിത്രം, ‘ധുരന്ധർ 2’, ‘പുഷ്പ 2’ എന്നിവയ്ക്കൊപ്പമെത്തി. ഹിന്ദിയില്‍ ഏറ്റവും ഉയർന്ന ഒറ്റദിവസ നേട്ടം കൈവരിച്ച ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയിലും ഈ ചിത്രം ഇടംപിടിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ‘ജവാനൊപ്പം’ ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന റെക്കോർഡും രാമായണത്തിന്റെ പേരിലുണ്ട്.






