പാമ്പാടി : കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോട്ടയം-കുമളി ദേശീയപാതയിൽ(എൻഎച്ച് 183) ഏഴാം മൈലിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കണ്ണമ്പടം വീട്ടിൽ സോമൻ കെസി(55) ആണ് മരണപ്പെട്ടത്.
ഏഴാം മൈൽ വെള്ളൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തു വച്ച് സോമൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിറകിൽ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ സമീപത്തെ മീൻകട വരെയുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും കടുത്ത രക്തസ്രാവമുണ്ടായിരുന്നു.
അപകടശബ്ദം കേട്ട് ഓടിയെത്തിയ ബാങ്ക് ജീവനക്കാരനായ ടിനുവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന് പിന്നാലെ ഉടൻ തന്നെ ആംബുലൻസ് വിളിച്ചുവരുത്തി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: മോളി സോമൻ
മക്കൾ : സനിക സോമൻ, സാനിക സോമൻ






