കൈപ്പുഴ: കൈപ്പുഴ വില്ലേജ് ഓഫീസിന് സമീപം കാറും ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
ശാസ്താങ്കൽ ഭാഗത്ത് നിന്ന് വന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തനായ ഓട്ടോ ഡ്രൈവർ ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചുകയറി.
അപകടത്തിൽ ആർപ്പൂക്കര സ്വദേശി സാഗർ (18) ന് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറുമുള്ളൂർ സ്വദേശി റെജിയുടെതാണ് കാറും മൂഴിക്കുളങ്ങര സ്വദേശി വിവേകിന്റെതാണ് ഓട്ടോയും. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മതിലിലിടിച്ച കാറിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്.
വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസും കോട്ടയത്തു നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗത തടസം ഒഴിവാക്കി.






