കൊച്ചി: അഭിമന്യു കൊലക്കേസ് വിചാരണയില്‍ നാടകീയ സംഭവങ്ങള്‍.
തനിക്ക് ഭക്ഷണം നല്കിയ കുട്ടിക്ക് അഭിമന്യു നല്കിയ കുറിപ്പ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി.
വിചാരണയ്ക്കിടെയാണ് അഭിമന്യു സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയത്.
പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയത് എന്ന ഉള്ളടക്കം ബോധിപ്പിക്കാൻ കൂടിയാണ് പ്രോസിക്യൂഷൻ ഈ കുറിപ്പ് കാണിച്ചത്.
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി''- എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്.
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ് എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.
സംഭവം നടന്ന സമയത്ത് തനിക്ക് ഇടിക്കട്ടകൊണ്ട് മർദനമേറ്റ് മുഖത്ത് പരിക്കേറ്റതായി കഴിഞ്ഞ ദിവസം സാക്ഷികളിലൊരാളായ രാഹുല്‍ പറഞ്ഞു. കുത്തേറ്റ അർജുനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.
ഇടിക്കട്ടകൊണ്ട് മർദിച്ച മൂന്നാംപ്രതി റിയാസ് ഹുസൈനെ രാഹുല്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ മുമ്പാകെയായിരുന്നു വിസ്താരം.






