കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു (19) കൊല്ലപ്പെട്ട കേസില്‍ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി.
പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെ തുടങ്ങുന്ന വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍പോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയില്‍ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസമല്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിച്ചു. ഈ മാസം 24ന് എറണാകുളം സെഷൻസ് കോടതി വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയാൻ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് രണ്ടാം വർഷ ബി.എസ്സി കെമിസ്ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്.






