:കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഓളോക്കരി തെക്കേ ഭാഗത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് ഒരുമാസത്തോളമായതായി പ്രദേശവാസികളുടെ പരാതി.
കുടിവെള്ളത്തിനായി ഏറെ ആശ്രയിച്ചിരുന്ന പൊതുടാപ്പുകൾ നീക്കം ചെയ്താണ് പിന്നീട് ജലനിധി പദ്ധതിയുടെ ടാപ്പുകൾ സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ ജലനിധി വഴിയുള്ള കുടിവെള്ള വിതരണവും മുടങ്ങിയതോടെ പ്രദേശത്തെ കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കുടിവെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
ഇതോടൊപ്പം പ്രദേശത്ത് ആവശ്യത്തിന് വഴിവിളക്കുകൾ ഇല്ലാത്തതും, വഴികളുടെ ദുരവസ്ഥയും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വേനൽകാലമായാൽ വഴിയിലൂടെ സഞ്ചരിക്കാം മഴക്കാലമായാൽ യാത്ര പ്രദേശവാസികൾക്ക് കഠിനമാണ്.
അതുപോലെ രാത്രികാലങ്ങളിൽ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വെളിച്ചമില്ലാത്തത് ബുദ്ധിമുട്ട് വളരെയധികം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
കുടിവെള്ളം ഒരു അടിസ്ഥാന ആവശ്യമായിരിക്കെ ഒരുമാസത്തോളമായി വിതരണം മുടങ്ങിക്കിടക്കുന്നത് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്. ജലനിധി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിനും പ്രദേശത്ത് ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ഇനി എത്രനാൾ കാത്തിരിക്കണം ? ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓളോക്കരി തെക്കേ ഭാഗത്തെ പ്രദേശവാസികൾ.





