കൊച്ചി: മനുഷ്യന്റെ ബുദ്ധിശക്തിയോട് സാമ്യമുള്ള രീതിയിൽ പഠിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, തീരുമാനങ്ങളെടുക്കാനും, ഭാഷ മനസ്സിലാക്കാനും കമ്പ്യൂട്ടറുകളെയും യന്ത്രങ്ങളെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.
നിത്യജീവിതത്തിലും ജോലിസ്ഥലത്തും വ്യവസായങ്ങളിലും സമയം ലാഭിക്കാനും കൃത്യത വർദ്ധിപ്പിക്കാനും എഐ സഹായിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ശരിയല്ലാത്ത ഉപയോഗം ദൈനംദിന ജീവിതത്തില്‍ വലിയ ഭീഷണികളും അപകടങ്ങളും സൃഷ്ടിക്കാറുമുണ്ട്. ഇപ്പോഴിതാ താന്‍ സ്വപ്നം കണ്ടിട്ട് പോലുമില്ലാത്ത തരത്തിലാണ് താന്‍ എഐ റീലുകളില്‍ ഡാന്‍സ് ചെയ്യുന്നതെന്ന് പറയുകയാണ് മമ്മൂട്ടി. ഒരുപടത്തിൽ ഡാൻസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും സിനിമയെയാണ് എഐ ആദ്യം ബാധിച്ചതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവരാശിക്ക് വലിയ ഭീഷണിയാണെന്നും ഏകാധിപതികളുടെ കൈകളിൽ എഐ എത്തിയാൽ അപകടമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ‘‘എഐ ആദ്യമേ ബാധിച്ചു തുടങ്ങിയത് സിനിമയെയാണ്. ഇപ്പോൾ നിങ്ങൾ പല റീലുകളും കണ്ടുകാണും. ചെറിയ പൈസയ്ക്ക് ചില എഐ ടൂളുകൾ ലഭ്യമാണ്. അതുകൊണ്ട് പിള്ളേര് ഇതൊക്കെ വെച്ച് ഓരോന്ന് ഉണ്ടാക്കി കളിക്കുകയാണ്.
എന്റെ ജീവിതത്തിൽ ഞാൻ സ്വപ്നം കണ്ടിട്ട് പോലുമില്ലാത്ത തരത്തിലാണ് റീലുകളിൽ ഞാൻ ഡാൻസ് ചെയ്യുന്നത്. നിങ്ങളും അത് കണ്ടിട്ടുണ്ടാകുമല്ലോ! അതുകൊണ്ട് ഇനി ഞാൻ ഡാൻസിനെക്കുറിച്ച് ആലോചിക്കുന്നേയില്ല. കാരണം, ഇനി ഞാൻ ശരിക്കും ഡാൻസ് ചെയ്താൽ പോലും അത് എഐ ആണെന്നേ നിങ്ങൾ പറയൂ. ഒരു സിനിമയിൽ എങ്ങനെയെങ്കിലും ഒന്ന് ഡാൻസ് ചെയ്യണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇനിയിപ്പോൾ അത് വേണ്ടെന്ന് വെച്ചു. നമ്മൾ എല്ലാ കാര്യങ്ങളും തമാശയായിട്ടാണ് പറയുന്നതെങ്കിലും, എഐ ഒരു വലിയ ഭീഷണി തന്നെയാണ്. നമ്മൾ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. ഇപ്പോൾ അമേരിക്കയും ചൈനയുമെല്ലാം എഐ സാങ്കേതികവിദ്യയിൽ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. എഐ ശരിക്കും മാനവരാശിക്ക് തന്നെ വലിയൊരു ഭീഷണിയായി മാറുകയാണ്. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്നത് മാറി, അത് ആർട്ടിഫിഷ്യലി ഇന്റലിജന്റായി തുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയാൽ പണി പാളും.
കാരണം, അത് സ്വന്തമായി ബുദ്ധി ഉപയോഗിക്കാൻ തുടങ്ങിയാൽ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സാമ്രാജ്യത്വവാദിയുടെയോ ഏകാധിപതിയുടെയോ കയ്യിൽ എത്തിപ്പെട്ടാൽ ഈ ലോകത്തെ തന്നെ എഐ ഭരിക്കും. അയാളുടെ നിയന്ത്രണത്തിലായിരിക്കും നമ്മൾ പോലും ചലിക്കേണ്ടി വരുന്നത്. അതൊരു വിദൂര ഭാവിയിലല്ല, മറിച്ച് അനതിവിദൂര ഭാവിയിൽ തന്നെ നമുക്കൊരു വലിയ ഭീഷണിയായി മാറുന്നതാണ്. ഇപ്പോഴും അത് ഭീഷണി തന്നെയാണ്. അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞാൽ നമ്മൾ ഇപ്പോൾ കാണുന്ന രീതിയിലായിരിക്കില്ല കാര്യങ്ങൾ, എല്ലാത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇതിനൊരു നിയന്ത്രണം വേണമെന്ന് അമേരിക്കയും ചൈനയും ഐക്യരാഷ്ട്രസഭയുമൊക്കെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ ആര് നിയന്ത്രിക്കും? പൂച്ചയുടെ കഴുത്തിൽ ആര് മണികെട്ടും എന്നതാണ് ചോദ്യം....’’ എന്നാണ് മമ്മൂട്ടി പറയുന്നത്.






