കുണ്ടറ:മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് തുറന്ന് രക്ഷപ്പെട്ടു. എഴുകോണ്‍ പുത്തൻനട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 1.30 ഓടെയായിരുന്നു സംഭവം. നാന്തിരിക്കലിലെ ഒരു വീട്ടില്‍നിന്ന് വയറിംഗ് സാമഗ്രികള്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് കുണ്ടറ പൊലീസ് വൈജേഷിനെ കസ്റ്റഡിയിലെടുത്തത്. ലോക്കപ്പ് തുറന്ന് പുറത്തുകടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വൈജേഷ് നാന്തിരിക്കലിലെ പവർ ടൂള്‍സ് കടയില്‍നിന്ന് വയറിങ്, പ്ലംബിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വാടകയ്ക്കെടുത്തതായി കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉപകരണങ്ങള്‍ തിരികെ നല്‍കാനായി എത്തിയ വൈജേഷിനെ വീട്ടുകാർ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് റൂറല്‍ കണ്ട്രോള് റൂം എസ്ഐ അനില്‍കുമാർ സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കുശേഷം ഇയാളെ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
രണ്ട് പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൊലീസുകാർ പൂട്ടാൻ മറന്നുപോയി. പുലർച്ചെ 1.30ഓടെ പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ചുനില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വൈജേഷ് ലോക്കപ്പ് തുറന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വൈജേഷ് സ്റ്റേഷനില്‍നിന്ന് പോയി ഏറെ സമയത്തിന് ശേഷമാണ് പൊലീസുകാർക്ക് സംഭവം മനസിലായത്. സംഭവത്തില്‍ പാറാവുകാരനും വൈജേഷിനുമെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. രക്ഷപ്പെട്ട വൈജേഷിനായി കുണ്ടറ പൊലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്.






