കുടമാളൂർ: അയ്മനം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ 38 ,39 നമ്പർ അങ്കണവാടിയിൽ 2026-ലെ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി.ഡി. ജെയിംസ് പാലത്തൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആനുകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.
ചാച്ചാ നെഹ്റുവിന്റെ വേഷവിധാനങ്ങളണിഞ്ഞും ത്രിവർണ്ണ പതാകയുടെ നിറങ്ങളിലുള്ള അലങ്കാരങ്ങൾ കൈയിലേന്തിയുമാണ് കുരുന്നുകൾ ആഘോഷത്തിൽ പങ്കുചേർന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് കുട്ടികളോടുണ്ടായിരുന്ന വാത്സല്യവും കരുതലും അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ.
അങ്കണവാടി ടീച്ചർ മിനി സുതൻ സ്വാഗതം ആശംസിച്ചു. പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പത്മിനി രാജേന്ദ്രൻ, രക്ഷാധികാരി രാഘവൻ കന്നിട്ടയിൽ, ട്രഷറർ പി.എസ്. അൻസാരി, ആശാവർക്കർ ശോഭാ മുരുകൻ, അങ്കണവാടി വർക്കർ ഇന്ദിരാ ചന്ദ്രൻ, സതീഷ് വട്ടപ്പറമ്പിൽ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു.





