തിരുവനന്തപുരം: എം.വി. ഗോവിന്ദനെതിരെ അച്ചടക്ക നടപടി വേണമെന്ന സിപിഎം പൊളിറ്റ്ബ്യൂറോയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിലെ ശക്തമായ എതിർപ്പിനിടയിലും നടപ്പാക്കി.
പിബിയുടെ തീരുമാനം ജനറല്‍ സെക്രട്ടറി എം.എ. ബേബി സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോർട്ട് ചെയ്തതോടെയാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നത തുറന്നത്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വീഴ്ചകളാണ് നടപടിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളില്‍ നേരത്തെ തന്നെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു.
തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ നേതൃത്വം മുന്നോട്ടുവച്ച സ്ഥാനാർഥികള്‍ക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ശക്തമായ എതിർപ്പ് ഉയർന്നിരുന്നെങ്കിലും, ഈ വിവരങ്ങള്‍ അതേപടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോർട്ട് ചെയ്തില്ലെന്നാണ് പിബി ചൂണ്ടിക്കാട്ടിയത്. യോഗങ്ങളുടെ മിനിറ്റ്സ് സെക്രട്ടേറിയറ്റിന് കൈമാറുന്നതിലും വീഴ്ചയുണ്ടായെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണ് സ്ഥാനാർഥിയായത് എന്ന സാഹചര്യവും നടപടിയില്‍ പ്രതിഫലിച്ചു. പാർട്ടി താല്പര്യത്തേക്കാള് വ്യക്തിപരമായ താല്പര്യത്തിന് പ്രാധാന്യം നല്‍കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗോവിന്ദനെ ശാസിക്കാൻ പിബി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാല്‍ നടപടി ഗോവിന്ദന്റെ മാത്രം വീഴ്ചയായി ചുരുക്കുന്നതിനെ സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം നേതാക്കള്‍ എതിർത്തു. സ്ഥാനാർഥിപ്പട്ടിക അന്തിമമായി അംഗീകരിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റായതിനാല് തെറ്റുണ്ടെങ്കില്‍ സെക്രട്ടേറിയറ്റിനെ കൂട്ടായി ശാസിക്കണമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ വ്യക്തിപരമായ ചുമതല നിർവഹിക്കുന്നതിലെ വീഴ്ചയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും, തെറ്റുണ്ടായാല്‍ ആരായാലും നടപടി നേരിടുമെന്ന സന്ദേശം നല്‍കേണ്ട സമയമാണിതെന്നും പിബി അംഗങ്ങള്‍ മറുപടി നല്കി. പിണറായി വിജയനെ ശക്തമായി പിന്തുണയ്ക്കുന്നവരാണ് സെക്രട്ടേറിയറ്റില്‍ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്നും, ചിലർ പിബി തീരുമാനമെന്ന നിലയില്‍ അത് അംഗീകരിച്ചെന്നും ചുരുക്കം ചിലർ മൗനം പാലിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. പിബി യോഗത്തില്‍ നിലപാട് വ്യക്തമാക്കിയതിനാല്‍ പിണറായിയും ഗോവിന്ദനും സെക്രട്ടേറിയറ്റില്‍ അഭിപ്രായം പറഞ്ഞില്ല.
ശാസന നിർദേശം ഉയർന്ന പിബി യോഗത്തില്‍ ഗോവിന്ദൻ ശക്തമായി വിയോജിച്ചെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറിയെ ദുർബലനാക്കി ചിത്രീകരിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പിണറായി വിജയനും സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ചൂണ്ടിക്കാട്ടപ്പെട്ട വീഴ്ചകളുടെ പശ്ചാത്തലത്തില്‍ ശാസന ചെറിയ നടപടിയാണെന്നും കൂടുതല്‍ കടുത്ത നടപടി അർഹിക്കുന്നതാണെന്നുമായിരുന്നു പിബിയിലെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന അഭിപ്രായങ്ങളും പാർട്ടിക്കുള്ളില്‍ ശക്തമായി ഉയർന്നിരുന്നു. എന്നാല്‍ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കിയതോടെ പിബി ശാസന നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു






