കൊച്ചി: ഹൈക്കോടതി ജഡ്ജിയുമായി അടുത്ത ബന്ധമുണ്ടെന്നും കേസുകൾ ജയിപ്പിച്ചു തരാമെന്നും പറഞ്ഞ് പണം തട്ടിയെടുക്കുന്ന കളമശേരി സ്വദേശിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു.
കൊല്ലം പാരിപ്പള്ളി വേളമാനൂർ യു.പി സ്കൂളിന് സമീപം സുരേഷ് ഭവനിൽ യമുനയുടെ (45) പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. എറണാകുളത്തെ നിരവധി അഭിഭാഷകരുടെ പേരിലും പ്രതി തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
പൊതുപ്രവർത്തകനായ കളമശേരി സ്വദേശിക്കെതിരെയാണ് ആരോപണം. ഇയാൾക്ക് കോട്ടയം സ്വദേശിയായ ഇടനിലക്കാരനുമുണ്ട്.
സൗജന്യനിയമ സഹായം നൽകുമെന്ന കോട്ടയം സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട യമുന കുടുംബസ്വത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ അപ്പീൽ നൽകാൻ സഹായം തേടിയിരുന്നു. ഇയാളാണ് ജൂൺ 9ന് ഹൈക്കോടതിക്ക് സമീപം മംഗള വനത്തിൽ വച്ച് കളമശേരി സ്വദേശിയെ പരിചയപ്പെടുത്തിയത്. ഹൈക്കോടതി ജഡ്ജി അടുത്ത സുഹൃത്താണെന്നും ഒന്നര മാസത്തിനകം അനുകൂല വിധി വാങ്ങിത്തരാമെന്നും ഇയാൾ ഉറപ്പു നൽകി. മൂന്നു കേസുകൾക്കായി 50000 വീതം ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. കേസുകളുടെ ഒറിജിനൽ ഫയലുകളും കൈപ്പറ്റി. ജൂൺ 13 മുതൽ ഒക്ടോബർ 10 വരെ കാലയളവിൽ പലപ്പോഴായി 57,500 രൂപ ഗൂഗിൾ പേ വഴിയും 3000 രൂപ നേരിട്ടും കൈപ്പറ്റി.
മാസങ്ങൾ കഴിഞ്ഞിട്ടും കേസിൽ പുരോഗതി കാണാത്തതിനാൽ യമുനയും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കേസ് ഫയലും പണവും കൈമാറിയതായി കളമശേരി സ്വദേശി പറഞ്ഞ എറണാകുളത്തെ പ്രമുഖ സിവിൽ അഭിഭാഷകന്റെ വസതിയിൽ യമുന എത്തിയപ്പോൾ ഇങ്ങനെയൊരു കേസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് കളമശേരി സ്വദേശിയെ വിളിച്ചപ്പോൾ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യമുന പറഞ്ഞു.
ഇടുക്കി സ്വദേശി ഓമന, തിരുവനന്തപുരം സ്വദേശി സ്വപ്നലേഖ, മലപ്പുറം സ്വദേശി ഷെർളി, തൃശൂർ സ്വദേശി ശ്രീകുമാർ തുടങ്ങി നിരവധി പേരിൽ നിന്ന് കളമശേരി സ്വദേശി സമാനമായ രീതിയിൽ പണം തട്ടിയതായി വിവരമുണ്ട്. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.






