കോട്ടയം: കുട്ടികളുടെ ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിനായി നിര്‍മിച്ച പാര്‍ക്ക് കാടുകയറി നശിക്കുന്നു.
പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ കാട് വകഞ്ഞുമാറ്റേണ്ട സ്ഥിതിയാണ്. ഒരാള്‍ പൊക്കത്തില്‍ വരെ പുല്ലും കാടും വളര്‍ന്നതോടെ കുട്ടികളെ ഇവിടേക്ക് കൊണ്ടുവരാനും രക്ഷിതാക്കള്‍ ഭയപ്പെടുന്നു. പരിപാലനത്തില്‍ അധികൃതര്‍ പിന്നാക്കം പോയതാണ് പാര്‍ക്കിന്റെ നാശത്തിനു കാരണം.
വിവിധ ജില്ലകളില്‍നിന്ന് ദിവസേന ചികിത്സയ്ക്കും പരിശോധനയ്ക്കുമായി നിരവധി കുട്ടികളാണ് ഐ.സി.എച്ചിലെത്തുന്നത്. ദീര്‍ഘനേരം ആശുപത്രിയില്‍ കഴിയേണ്ട കുട്ടികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസിക ആശ്വാസം നല്കാന് കഴിയുന്ന ഇടമാണ് അവഗണനയുടെ പ്രതീകമായത്.
പാര്‍ക്കിലെ കളിയുപകരണങ്ങളും മറ്റ് സൗകര്യങ്ങളും തകര്‍ന്ന നിലയിലാണ്. പുല്ലും കാടും വളര്‍ന്ന് കളിസ്ഥലം പൂര്‍ണമായും മൂടി. പാര്‍ക്കിനുള്ളില്‍ കയറുമ്പോള്‍ തന്നെ കാടാണ് കാണുന്നത്. കുട്ടികള്‍ കളിക്കേണ്ട സ്ഥലത്ത് പാഴ്വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട സാധനസാമഗ്രികളും കൂട്ടിയിട്ടിരിക്കുന്ന നിലയിലുമാണ്. കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങളില്‍നിന്നുള്ള സാധനസാമഗ്രികള്‍, ജനാലകള്‍ തുടങ്ങിയവയും പാര്‍ക്കില്‍ കൂട്ടിയിട്ട നിലയിലാണ്. കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. തെരുവുനായകളും ഇവിടം അഭയകേന്ദ്രമാക്കുന്നതായി പരാതിയുണ്ട്.
പാര്‍ക്കിലെ കാടും പുല്ലും അടിയന്തരമായി വെട്ടിമാറ്റി പരിസരം ശുചീകരിക്കണം. തകര്‍ന്ന കളിയുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുകയും അപകടസാദ്ധ്യതയുള്ള ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്നുമാണ് ആവശ്യം.






