കുമരകം: ഭിന്നശേഷിക്കാരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും കരുതലും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്തിലെ 3, 8, 11 വാർഡുകളിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്ന് വാർഡുകളെയും ഭിന്നശേഷി സൗഹൃദ വാർഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കായി ഓണക്കിറ്റ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനും അവരുടെ അവകാശങ്ങളും അർഹമായ സർക്കാർ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതിനും സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൂടുതൽ ചേർത്തുനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളും തുടരും.
ഗ്രാമപഞ്ചായത്ത് അംഗം പി. കെ. സേതുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഗോപി ഉദ്ഘാടനം ചെയ്തു. സ്വാമിയാർമഠം പ്രസിഡന്റ് സി. പി. മധുസൂദനൻ ഓണസന്ദേശം നൽകി.
സ്വാമിയാർമഠത്തിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാർക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തത്. കുടുംബങ്ങളോടൊപ്പം ഓണത്തിന്റെ സന്തോഷം പങ്കിടുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനം ശ്രദ്ധേയമായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. കെ. സുനിത്തും നീതു റെജിയും പരിപാടിക്ക് നേതൃത്വം നൽകി. ഓണക്കിറ്റ് വിതരണം, ഓണാഘോഷം, സൗഹൃദ സംഗമം എന്നിവയിലൂടെ ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കരുതലും ചേർത്തുപിടിക്കലും ശക്തമാക്കുകയാണ് ലക്ഷ്യം.






