കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിന്റേയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലോചനായോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് പി സി ബെഞ്ചമിന്‍ അദ്ധ്യക്ഷത വഹിച്ചു.
വൃത്തിഹീനവും പൊതുജനാരോഗ്യത്തിന് ഹാനി വരുത്തുന്നതുമായ പ്രവര്‍ത്തികള്‍ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ആലോചനയോഗം നടത്തിയത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഭക്ഷണ നിര്‍മ്മാണ വിതരണ കേന്ദ്രം നടത്തിപ്പുകാര്‍, കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറി ഉടമകള്‍, ജലനിധി കണ്‍വീനര്‍മാര്‍, ബേക്കറി തട്ടുകട ഉടമകള്‍, ബാര്‍ബര്‍ ഷോപ്പ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാര്‍ വഴിയോര കച്ചവടക്കാര്‍, ലാബ് പ്രതിനിധികള്‍ തുടങ്ങി 58 ഓളം പേര് പങ്കെടുത്തു.
കേരള പൊതുനാരോഗ്യനിയമം - 2023 പ്രകാരവും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും നടത്തുവാന്‍ ഉദ്ദേശിക്കുന്ന വിവിധ പരിശോധന പരിപാടികളുടെ മുന്നോടിയായാണ് യോഗം വിളിച്ചു ചേര്‍ത്തത്.
വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടാവേണ്ട അവശ്യ രേഖകളായ ഹെല്‍ത്ത് കാര്‍ഡ് , കുടി വെള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്, ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ശുചിത്വം തുടങ്ങി പൊതുവായി പാലിക്കപ്പെടണ്ട കാര്യങ്ങളെക്കുറിച്ചും പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് കുമാര്‍ ജി യോഗത്തില്‍ വിശദീകരിച്ചു.
വരുന്ന 10 ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ക്രമീകരിക്കാനും തുടര്‍ പരിശോധനകള്‍ നടക്കുന്ന സമയത്ത് ഇവ നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു.
പകര്‍ച്ച വ്യാധി പ്രതിരോധം നിയന്ത്രണം എന്നിവയെ ക്കുറിച്ച് ബ്ലോക്ക് എപ്പിഡമിയോളജിസ്റ്റ് ഡോ ബെന്‍ വിശദീകരിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പഴ്സണ്‍ സിനി ഏബ്രഹാം, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ബിനോയ് ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍ .കെ അമ്പാടി , ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ. സുരേഷ് , രേഷ്മ നടേശന്,ബി.സലിം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.






