.:തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ വിഭജനം വൈകുന്നതിലും യുഡിഎഫ് യോഗങ്ങള്‍ ചേരാത്തതിലും മുന്നണിക്കുള്ളില്‍ കടുത്ത അതൃപ്തി. സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുന്നണിയിലെ സീറ്റ് പങ്കിടലിനെയും രൂക്ഷമായി വിമർശിച്ച് ആർ.എസ്.പി.
മുതിർന്ന നേതാവ് എ.എ. അസീസ് രംഗത്തെത്തി.
മുന്നണി യോഗങ്ങള്‍ ചേർന്നിട്ട് മാസങ്ങളായെന്നും, ഘടകകക്ഷികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും അറിയിക്കാൻ നിലവില്‍ വേദികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനർ ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാൻ തയ്യാറായിട്ടില്ല. സർക്കാർ അധികാരത്തില്‍ വന്ന് ആറ് മാസം പിന്നിട്ടിട്ടും പൊതുമേഖലാ സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും നാഥനില്ലാത്ത അവസ്ഥയിലാണെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും അസീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മുൻപ് പ്രഖ്യാപിച്ച ശക്തമായ നടപടികളൊന്നും നിലവില്‍ നടപ്പാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് യോഗം ചേരാത്തതില്‍ ആർ.എസ്.പിക്ക് പുറമെ മറ്റ് സഖ്യകക്ഷികള്‍ക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. മുന്നണിയില്‍ മുസ്ലിം ലീഗിന് മാത്രമാണ് അർഹമായ പരിഗണന ലഭിക്കുന്നതെന്നും, മറ്റ് ഘടകകക്ഷികളെ ബോധപൂർവ്വം അവഗണിക്കുകയാണെന്നുമുള്ള വിമർശനം ശക്തമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒറ്റ എം.എല്‍.എ പോലും ഇല്ലാതിരുന്നിട്ടും ആർ.എസ്.പിക്ക് 9 പദവികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ എം.എല്‍.എമാരുടെയും മന്ത്രിയുടെയും പിന്തുണയുണ്ടായിട്ടും ആകെ 4 പദവികള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇത് പാർട്ടിയെയും അണികളെയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിന് കൂടുതല്‍ പങ്കും പരിഗണനയും ലഭിക്കുമ്പോള്‍ മറ്റ് കക്ഷികള്‍ അവഗണിക്കപ്പെടുന്നു എന്ന ആക്ഷേപം മുന്നണിയില്‍ പുകയുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ പോലും ലീഗിന്റെ വിഹിതത്തെച്ചൊല്ലി ചർച്ചകള്‍ ഉയർന്നെങ്കിലും മുതിർന്ന നേതാക്കള്‍ അത് തള്ളിക്കളയുകയായിരുന്നു.






