ചങ്ങനാശേരി: ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയായില്ല.
ഇതോടെ ചൂളപ്പടി, കടമാഞ്ചിറ കൊടിനാട്ടുംകുന്ന് റോഡിലെ ജനങ്ങളുടെ ദുരിതം വർദ്ധിക്കുന്നു.
ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ നൂറുകണക്കിന് കുടുംബങ്ങളും ആയിരക്കണക്കിന് യാത്രക്കാരും പ്രതിസന്ധിയിലാണ്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജല അതോറിറ്റി അടൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ. റോഡിന്റെ തുടക്കഭാഗത്തും അവസാനിക്കുന്നിടത്തും ഒരേസമയം കുഴിയെടുത്തതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല.
ദിവസേന നിരവധി സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സഞ്ചരിച്ചിരുന്ന റോഡാണിത്.
റോഡ് അടഞ്ഞതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ ഒന്നര കിലോമീറ്ററോളം നടന്ന് വാഴൂർ റോഡിലെത്തിയാണ് യാത്ര തുടരുന്നത്.
പ്രദേശവാസികൾ സ്വന്തം വാഹനങ്ങൾ റോഡരികിലും പരിചയക്കാരുടെ സ്ഥലങ്ങളിലുമാണ് പാർക്ക് ചെയ്യുന്നത്.
കനത്ത മഴയും പാറപൊട്ടിക്കുന്നതിലെ കാലതാമസവുമാണ് പ്രവൃത്തികൾ വൈകാൻ കാരണം.
മൂന്ന് മീറ്റർ മാത്രം വീതിയുള്ള റോഡിലെ ഏകദേശം 50 മീറ്റർ ഭാഗം പാറയായതിനാൽ രണ്ടുതവണ മെഷീൻ ഉപയോഗിച്ച് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ആവശ്യത്തിന് ശേഷിയുള്ള യന്ത്രസാമഗ്രികൾ ഉപയോഗിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് നാട്ടുകാരുടെ ആരോപണം.
പ്രധാന കരാറുകാരൻ, സബ് കോൺട്രാക്ടർമാർക്ക് വിവിധ ജോലികൾ കൈമാറിയെങ്കിലും ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലാത്തത് പ്രവൃത്തികളെ ബാധിച്ചെന്നാണ് ആക്ഷേപം.
സ്ഥലം സന്ദർശിച്ചശേഷം, ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിനു ജോബ് എം.എൽ.എ അറിയിച്ചു.






