പയ്യന്നൂർ: ധനരാജ് വധക്കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെ സിപിഎം വേദിയില്‍ നിന്ന് ഉയർന്നത് പരസ്യമായ ഭീഷണി.
മുൻ എംഎല്‍എ ടി.ഐ. മധുസൂദനനാണ് ഡിവൈഎഫ്ഐ പൊതുയോഗത്തില്‍ കൊലവിളി പ്രസംഗം നടത്തിയത്."കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും" എന്നായിരുന്നു ഇയാളുടെ വാക്കുകള്‍. ധനരാജ് കൊല്ലപ്പെട്ടില്ലെന്ന് കൂടി കോടതി പറയാതിരുന്നത് ഭാഗ്യമാണെന്ന് ഇയാള്‍ പരിഹാസത്തോടെ പറഞ്ഞു. പ്രസംഗത്തില്‍ കോടതിയെയും ജഡ്ജിയെയും ഇയാള്‍ കടന്നാക്രമിച്ചു.
തണുപ്പ് മുറിയിലിരുന്ന് കവിത ചൊല്ലുന്ന ജഡ്ജിക്ക് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവുകൊണ്ടും ശിക്ഷകൊണ്ടും തകർക്കാമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വെറും സങ്കല്പ്പമാണെന്നായിരുന്നു ഇയാളുടെ പരാമർശം. സിപിഎം എഴുതിക്കൊടുത്തിട്ടാണോ ജഡ്ജി ശിക്ഷ നിശ്ചയിക്കുന്നതെന്നും ഇയാള്‍ ചോദിച്ചു.സാക്ഷിയെ കോടതി തള്ളിയതിനെയും മധുസൂദനൻ വിമർശിച്ചു.
ധനരാജിന്റെ വീടിന് മുന്നിലുള്ള ബ്രാഞ്ച് സെക്രട്ടറിയാണ് സംഭവം നേരില്‍ കണ്ട ഒന്നാം സാക്ഷി. അയാള്‍ ബാങ്ക് ജീവനക്കാരനും പാർട്ടി പ്രവർത്തകനുമായതുകൊണ്ട് മാത്രം അയാളുടെ മൊഴി തള്ളിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.തുടർന്നാണ് ചീമേനി സംഭവം ഇയാള്‍ എടുത്തിട്ടത്. അഞ്ച് പേരെ ചുട്ടുകൊന്ന കേസില്‍ ഒരു കോടതിയും ആരെയും ശിക്ഷിച്ചില്ല. എന്നാല്‍ അവരില്‍ ആരും ഇന്ന് ഈ ഭൂമിയില്‍ ഇല്ലെന്ന കാര്യം ഓർക്കുന്നത് നല്ലതാണെന്നായിരുന്നു മധുസൂദനന്റെ മുന്നറിയിപ്പ്.
സോഷ്യല്‍ മീഡിയയില്‍ പാർട്ടിയെ ആക്ഷേപിക്കുന്നവർക്കും ഇയാള്‍ ഭീഷണി മുഴക്കി. തെരുവിലിറങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. നിങ്ങളുടെ വീട്ടിലേക്ക് വരാതിരിക്കുന്നത് മനസ്സില്ലാത്തതുകൊണ്ടല്ല. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. ആലോചിച്ച് മാത്രം എഴുതിയാല്‍ മതിയെന്നാണ് ഇയാള്‍ പറഞ്ഞത്. വി. കുഞ്ഞികൃഷ്ണനെതിരെയും അദ്ദേഹം അധിക്ഷേപ പരാമർശം നടത്തി.കോടതി വിധിക്ക് പിന്നാലെ ഇത്തരത്തില്‍ പരസ്യ വേദിയില്‍ കൊലവിളി ഉയർന്നത് വലിയ വിവാദമായിട്ടുണ്ട്.






