മുംബൈ: പുതിയ സ്കൂട്ടറിന് മുന്നില്‍ കൂളായി പോസ് ചെയ്യുന്ന രണ്ട് വയസുകാരന്റെ വീഡിയോയ്ക്ക് 13.7 കോടി കാഴ്ചക്കാർ.
വൈറലായ വീഡിയോയിലൂടെ താരമായ കുഞ്ഞിന് ഇനി പഠനച്ചെലവിന്റെ കാര്യത്തിലും ആശങ്ക വേണ്ട. കെജി ഒന്നാം ക്ലാസ് മുതല്‍ ബിരുദം നേടുന്നതുവരെ പഠനത്തിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട ഷോറൂം ഉടമ. മഹാരാഷ്ട്രയിലെ യവത്മാലിലാണ് ഈ മനോഹര സംഭവം.
രുദ്രാൻഷ് സിംഗ് താക്കൂർ എന്ന രണ്ട് വയസുകാരനാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. നവംബർ ഒമ്പതിന് മാതാപിതാക്കള്‍ക്കും ചേച്ചിക്കുമൊപ്പം പുതിയ ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങാനാണ് രുദ്രാൻഷ് ഷോറൂമിലെത്തിയത്. ഇതിനിടെ സ്കൂട്ടറിന് മുന്നില്‍ സണ്‍ഗ്ലാസ് ധരിച്ച് കൈകള്‍ പോക്കറ്റിലിട്ട് ആത്മവിശ്വാസത്തോടെ പോസ് ചെയ്യുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.
വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ നിമിഷനേരംകൊണ്ട് വൈറലായി. 13.7 കോടി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. 68,000ത്തിലധികം കമന്റുകളും ലഭിച്ചു. കുഞ്ഞിന്റെ സ്റ്റൈലും ആത്മവിശ്വാസവും കണ്ട് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. സമൂഹമാധ്യമങ്ങളില്‍ 'ഓറ കിഡ്' എന്ന വിളിപ്പേരും രുദ്രാൻഷിന് ലഭിച്ചു.
വൈറല്‍ താരത്തിന് പഠനച്ചെലവ് ഏറ്റെടുത്ത് ഹോണ്ട ഉടമ
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സ്കൂട്ടർ വാങ്ങിയ സായ് പോയിന്റ് ഹോണ്ടയുടെ ഉടമ ദിലീപ് ബോബാഡെ പാട്ടീല്‍ രുദ്രാൻഷിനും കുടുംബത്തിനും പ്രത്യേക സ്വീകരണം നല്കി. ഇതിനിടെയാണ് കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കെജി ഒന്നാം ക്ലാസ് മുതല്‍ ബിരുദപഠനം പൂർത്തിയാക്കുന്നതുവരെയുള്ള ചെലവുകള്‍ വഹിക്കുമെന്നാണ് വാഗ്ദാനം
ഹോണ്ടയുടെ പുതിയ ചെയർമാൻ'
കുഞ്ഞിന്റെ വ്യത്യസ്തമായ പോസുകളും ആത്മവിശ്വാസവുമാണ് സമൂഹമാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചത്. ചിലർ കുഞ്ഞിനെ കൊച്ചുദാവൂദിനോടും ഡോണിനോടും ഉപമിച്ചപ്പോള്‍ മറ്റു ചിലർ 'ഹോണ്ടയുടെ പുതിയ ചെയർമാൻ' എന്നാണ് തമാശയായി വിശേഷിപ്പിച്ചത്.
ഒരു സ്കൂട്ടർ വാങ്ങാൻ ഷോറൂമിലെത്തിയ കുടുംബത്തിന്റെ ചെറിയൊരു വീഡിയോയാണ് ഇപ്പോള്‍ കുഞ്ഞിന്റെ ഭാവിക്ക് വലിയൊരു അവസരമായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വൈറല്‍ പ്രശസ്തിക്കപ്പുറം വിദ്യാഭ്യാസത്തിന് സഹായകമാകുന്ന വാഗ്ദാനം ലഭിച്ചതോടെ രുദ്രാൻഷിന്റെ കഥ ശ്രദ്ധേയമാവുകയാണ്.






