പെരുമ്പാവൂർ: ജയില്‍ ചാടിയ പ്രതി ആധാർ കാർഡ് ചോദിച്ചെത്തിയത് പോലീസ് സ്റ്റേഷനില്‍. വീണ്ടും പിടിയിലാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.
അസം സ്വദേശിയായ മധുർ സോനോവല്‍ എന്നയാളാണ് പോലീസിനെ വട്ടംചുറ്റിച്ച് രക്ഷപ്പെട്ടത്.
പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. ആലുവ സബ് ജയിലില്‍ നിന്ന് തടവുചാടിയ പ്രതി തന്റെ ആധാർ കാർഡ് ചോദിച്ച് പെരുമ്പാവൂർ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇതോടെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. മൊബൈല്‍ ഫോണ്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് മധുറിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ആലുവ സബ് ജയിലില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഓഗസ്റ്റ് 24-നാണ് ഇയാള്‍ തടവുചാടിയത്. ജയില്‍ വളപ്പിനുള്ളില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി അവിടെനിന്ന് വലിയ മതില് ചാടിക്കടന്ന് ഇയാള്‍ രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് നിഗമനം. തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ കണ്ടതോടെ വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പെരുമ്പാവൂർ മേഖലയില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറിയിട്ടുമുണ്ട്.






