കോട്ടയം: പഞ്ചസാരയുടെയും പച്ചക്കറിയുടെയും വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി മുട്ടവിലയും കുതിച്ചുയരുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 40 ശതമാനത്തോളമാണ് രാജ്യത്ത് മുട്ടയ്ക്ക് വില വർദ്ധിച്ചത്. നിലവില്‍ 8 മുതല്‍ 9 രൂപ വരെയാണ് ഒരു മുട്ടയ്ക്ക് വിപണിയില്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍ വരാനിരിക്കുന്ന ശൈത്യകാലത്ത് ഇത് വീണ്ടും ഉയർന്ന് 25 രൂപ വരെ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകള്‍.
പെട്രോളും മുട്ടയും തമ്മില്‍ എന്ത് ബന്ധം എന്ന് ചിന്തിക്കാൻ വരട്ടെ, കേന്ദ്ര സർക്കാരിന്റെ ഇന്ധന നയമാണ് ശരിക്കും ഇവിടെ വില്ലനാകുന്നത്. പെട്രോളില്‍ എഥനോള്‍ കലർത്താനുള്ള ഇ 20 നയമാണ് മുട്ടവില സാധാരണക്കാരന് പൊള്ളുന്ന നിലയിലേക്ക് എത്തിച്ചത്.
എഥനോള്‍ നിർമ്മിക്കാൻ വൻതോതില്‍ ഉപയോഗിക്കുന്നത് മക്കച്ചോളമാണ്. എന്നാല്‍ ഇതേ മക്കച്ചോളമാണ് കോഴിത്തീറ്റയിലെയും പ്രധാന അസംസ്കൃത വസ്തു. എഥനോള്‍ ഉല്‍പ്പാദനത്തിനായി മക്കച്ചോളം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ വിപണിയില്‍ ഇതിന്റെ ആവശ്യകത കുതിച്ചുയരുകയും കോഴിത്തീറ്റയുടെ നിർമ്മാണച്ചെലവ് വൻതോതില്‍ വർദ്ധിക്കുകയും ചെയ്തു. കോഴിവളർത്തല്‍ ചെലവിന്റെ 70 ശതമാനത്തോളം വരുന്നത് തീറ്റയ്ക്കുള്ള ചിലവായതിനാല്‍, കർഷകർക്ക് മുട്ടവില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയാണ്.
ഇതിനുപുറമെ കാലാവസ്ഥാ വ്യതിയാനങ്ങളും കോഴികളിലെ രോഗബാധയും മുട്ട ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി ശൈത്യകാലത്ത് മുട്ടയുടെ ഉപഭോഗം വർദ്ധിക്കാറുണ്ട്. വിപണിയില്‍ ഡിമാൻഡ് കൂടുകയും ഉല്‍പ്പാദനച്ചെലവ് ഉയർന്ന നിലയില്‍ തുടരുകയും ചെയ്താല്‍ വരും മാസങ്ങളില്‍ മുട്ട വില സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാകും. ചുരുക്കത്തില്‍, സർക്കാരിന്റെ എഥനോള്‍ നയത്തിന്റെ പ്രത്യാഘാതങ്ങള്‍ പെട്രോള്‍ പമ്പില്‍ മാത്രമല്ല, സാധാരണക്കാരുടെ അടുക്കളയിലും വലിയ രീതിയില്‍ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഈ വിലക്കയറ്റം വ്യക്തമാക്കുന്നത്. പലചരക്കിനും പച്ചക്കറിക്കും പിന്നാലെ മുട്ടയ്ക്കും തീവിലയാകുമ്പോള്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണ്ണമായും താളം തെറ്റുകയാണ്.






