കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരും കേസില്‍ പ്രതികളാവുമെന്ന് ഹൈക്കോടതി. ലൈംഗിക ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന വിവിധ സിംഗിള്‍ ബെഞ്ചുകളുടെ ഉത്തരവില്‍ വ്യക്തത വരുത്തിയാണ് ജസ്റ്റീസ് രാജാ വിജയരാഘവന് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അനാശാസ്യം തടയുന്നതിനുള്ള 1956ലെ നിയമത്തിലെ 5, 6 സെക്ഷനുകള്‍ സേവനം തേടി വരുന്നവര്‍ക്ക് ബാധകമാണെന്ന് കോടതി വ്യക്തമാക്കി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
താന്‍ ഇടപാടുകാരന് മാത്രമാണെന്നും തിനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ലോഡ്ജില്‍ വച്ച് ലൈംഗിക പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായി ആരോപിച്ച് നൗഷാദ് ഉള്‍പ്പെടെയുള്ളവർക്കെതിരെ ഇമ്മോറല്‍ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 3, 4, 5 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
അനാശാസ്യകേന്ദ്രം എന്നത് ലൈംഗിക ചൂഷണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പണം നല്കി ഇത്തരം സേവനം തേടുന്ന ഇടപാടുകാരൻ ഈ ബിസിനസ് വ്യവസ്ഥിതിയെ നിലനിർത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.






