പാലക്കാട്: പട്ടാമ്പിയില്‍ കള്ളനെ പേടിച്ച് ഭാര്യ ഷൂസിനുള്ളില്‍ ഒളിപ്പിച്ച സ്വർണം അറിയാതെ ഭർത്താവ് ഹരിതകർമ്മ സേനയ്ക്ക് കൈമാറി.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സ്വർണം കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനല്‍കി ഹരിതകർമ്മ സേനാംഗങ്ങള്‍. പട്ടാമ്പി ഹാർമണി സ്ട്രീറ്റില്‍ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടിലാണ് കൗതുകകരമായ സംഭവം.
ഭർത്താവും ഭാര്യയും ജോലിക്കു പോകുന്നതിനാല്‍ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കണമെന്ന കരുതലിലാണ് ബീന ഭർത്താവിന്റെ പഴയ ഷൂസിനുള്ളില്‍ ആഭരണങ്ങള്‍ ഒളിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം അറിയാതിരുന്ന ജോണ്‍, വീട്ടിലെത്തിയ ഹരിതകർമ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗശൂന്യമായ പഴയ ഷൂസ് കൈമാറുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ബീന ഷൂസ് കാണാനില്ലെന്ന് ശ്രദ്ധിച്ചതോടെയാണ് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായ വിവരം പുറത്തറിയുന്നത്. തുടർന്ന് സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനുശേഷം ഹരിതകർമ്മ സേനാംഗങ്ങള്‍ ആഭരണങ്ങള്‍ കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്കി.






