ചങ്ങനാശ്ശേരി :വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മാറ്റം സാധ്യമാകുമെന്ന്
വിനു ജോബ് എം. എൽ. എ അഭിപ്രായപ്പെട്ടു.
സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത മത്സര പരീക്ഷകൾ നേരിടുന്നതിന് മക്കളെ എങ്ങനെ പ്രാപ്തരാക്കാം, കേന്ദ്ര -സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗങ്ങൾക്കായി എങ്ങനെ ഒരുങ്ങാം, ഇന്ത്യയിലെയും, വിദേശങ്ങളിലെയും വിവിധ സർവ്വ കലാ ശാലകളിൽ ലഭ്യമാകുന്ന സൗജന്യ സ്കോളർഷിപ്പുകൾ ഏതൊക്കെ, യു. എൻ തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പായിപ്പാട്, തൃക്കൊടിത്താനം, നാലുകോടി, വെള്ളാപ്പള്ളി എസ്. എൻ ഡി. പി യോഗം ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ചുവട് 2026 'വിദ്യാഭ്യാസ ദിശാ ബോധ സെമിനാർ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പായിപ്പാട് എസ്. എൻ. ഡി. പി യോഗം ഹാളിൽ എസ്. എൻ. ഡി. യോഗം ചങ്ങനാശ്ശേരി യൂണിയൻ കൗൺസിലർ പി ബി രാജീവ് അധ്യക്ഷത വഹിച്ചു.
അറുപതോളം പുസ്തകങ്ങളുടെ രചയിതാവും, കൈരളി ടി വി അശ്വമേധം വിജയിയും, സി. എൻ. എൻ ചേഞ്ച് മേക്കർ ഓഫ് ഇന്ത്യാ അവാർഡ് ജേതാവുമായ ഡോ. ജോബിൻ എസ് കൊട്ടാരമാണ് സെമിനാർ നയിച്ചത് .
പായിപ്പാട് എസ്. എൻ. ഡി. പി യോഗം ശാഖ സെക്രട്ടറി സുജാത സഹദേവൻ, പായിപ്പാട് ശാഖ പ്രസിഡന്റ് സുരേഷ് ബാബു, തൃക്കൊടിത്താനം ശാഖ പ്രസിഡന്റ് കെ ജി സതീശൻ, തൃക്കൊടിത്താനം ശാഖ സെക്രട്ടറി ബി ജയദേവൻ, നാലു കോടി ശാഖ സെക്രട്ടറി ഗിരീഷ് കുമാർ, വെള്ളാപ്പള്ളി ശാഖ കൺവീനർ അനീഷ് കുമാർ, നാലു കോടി ശാഖ പ്രസിഡന്റ് പി ആർ മനോജ് എന്നിവർ പ്രസംഗിച്ചു.






