തിരുവനന്തപുരം: പിഎസ്സി അംഗങ്ങളായി ജി. ഗോപകുമാർ, ആർ. സനല്‍കുമാർ, രമേശ് എം. തന്പി, റോസമ്മ ഫിലിപ്പ്, ഷാഫി ചാലിയം എന്നിവരെ നിയമിക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജി. ഗോപകുമാർ, ആർ.സനല്‍കുമാർ, രമേശ് എം. തന്പി, റോസമ്മ ഫിലിപ്പ് എന്നിവർ കോണ്‍ഗ്രസ് പ്രതിനിധികളും ഷാഫി ചാലിയം മുസ്ലിം ലീഗ് നോമിനിയുമാണ്.
മന്ത്രിസഭയില്‍ നടന്ന തർക്കങ്ങള്‍ക്കൊടുവിലാണ് ഇവരുടെ പേരുകള്‍ക്ക് അംഗീകാരമായത്. ഇതില്‍ അന്പലപ്പുഴ സ്വദേശിയായ ആർ. സനല്‍കുമാർ, കെ.സി. വേണുഗോപാല്‍ വിഭാഗത്തിന്റെ നോമിനിയാണ്. കെ.സിയുടെ മറ്റൊരു നോമിനിയായ സുധാ മേനോന്റെ പേരിനായി കെ.സി പക്ഷത്തെ മന്ത്രി എ.പി. അനില്‍കുമാർ വാശിപിടിച്ചെങ്കിലും മറ്റൊരു പദവി നല്‍കാമെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിവാക്കുകയായിരുന്നു. പിഎസ്സിയിലെ 21 അംഗങ്ങളില്‍ ഒഴിവു വന്ന അഞ്ച് സ്ഥാനങ്ങളിലേക്കായിരുന്നു നിയമനം
രമേശ് എം. തന്പി കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പിഎസ്സി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റാണ്. ജി. ഗോപകുമാർ കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും അഭിഭാഷകനുമാണ്.
റോസമ്മ ഫിലിപ്പ് പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് മുൻ പ്രിൻസിപ്പലും കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്റെ ഭാര്യയുമാണ്. ഷാഫി ചാലിയം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ലീഗിന്റെ ചാനല്‍ ചർച്ചകളിലെ മുഖവുമാണ്. ഖാദി ബോർഡ്, യുവജനക്ഷേമബോർഡ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്.






