ചെന്നൈ: തമിഴ്നാട്ടില്‍നിന്ന് കേരളം ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉല്പന്നങ്ങള് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
2011ലെ നിയമത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ഭേദഗതി വരുത്തിയ '3 എ' ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
പാറക്കല്ല്, മെറ്റല്‍ ജല്ലി, എംസാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ടുള്ള ചട്ടമാണ് കോടതി റദ്ദാക്കിയത്. 2027 ജനുവരി 25 വരെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നത്. ഈ നിയന്ത്രണം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാതാ വികസന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരുന്നു.
നിരോധനത്തെ തുടർന്ന് തമിഴ്നാട്ടിലെ തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍നിന്ന് കേരളത്തിലേക്കുള്ള നിർമാണ സാമഗ്രികളുടെ വരവ് കുറഞ്ഞിരുന്നു. നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്ന് കേരളം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
വിഴിഞ്ഞം തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ടെർമിനല്‍ എന്നിവയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയപാതാ നിർമാണം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള കരിങ്കല്ലിന്റെ ഏകദേശം 40 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ് എത്തിച്ചിരുന്നത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ തമിഴ്നാട്ടില്‍നിന്നുള്ള നിർമാണ സാമഗ്രികളുടെ നീക്കം പുനഃസ്ഥാപിക്കാനാകും. ഇത് കേരളത്തിലെ നിർമാണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും വലിയ ആശ്വാസമാകും.





