കൊച്ചി: 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ദാനച്ചടങ്ങ് ഒക്ടോബർ 2ന് കൊച്ചി IMA ഹാളില്‍ നടക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന ചടങ്ങ് കേരള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
മലയാളത്തിന്റെ പ്രിയതാരം, പത്മ പുരസ്കാര ജേതാവായമമ്മൂട്ടി, ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉള്‍പ്പടെയുള്ള കലാ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉദ്ഘാടനം ചടങ്ങിൽ മഹനീയ സാന്നിധ്യം വഹിക്കും.
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും പ്രമുഖ ബ്രാൻഡിംഗ് സ്ഥാപനമായ Biscon Marketing Solutions Pvt. Ltd.-ഉം സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്കാര നിശയില്‍ മോഹൻലാലിനെ മികച്ച നടനായും കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവരെ മികച്ച നടിമാരായും പ്രിയദർശൻ, എം ജി ശ്രീകുമാർ എന്നിവർ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി സിനിമാരംഗത്ത് മികവ് തെളിയിച്ച 70 ഓളം പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
മലയാള സിനിമയുടെ കലാപരമായ മികവിനെയും മികച്ച സംഭാവനകളെയും ആദരിക്കുന്ന കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന് അഞ്ച് പതിറ്റാണ്ടിനോട് അടുക്കുന്ന പാരമ്പര്യവും വിശ്വാസ്യതയുമുണ്ട്. വിവിധ പുരസ്കാര വിഭാഗങ്ങളിലേക്കായി ലഭിച്ച സിനിമകളില്‍ നിന്ന് വിദഗ്ഗ ജൂറിയുടെ വിശദമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഈ വർഷം 70 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പരിഗണിച്ചത്.
സിനിമയുടെ വേദിയില്‍ നിന്ന് സമൂഹത്തിനായി ഒരു സന്ദേശം സിനിമയെ ആദരിക്കുന്ന വേദി എന്നതിലുപരി, സമൂഹത്തില്‍ പ്രാധാനമുള്ള വിഷയങ്ങളില്‍ ജനകീയ ഇടപെടലുകള്‍ക്ക് പിന്തുണ നല്കുന്ന വേദിയായി കേരള ഫിലിം ക്രിട്ടിക്സ് അവാർഡിനെ കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഈ വർഷം. യുവതലമുറയുടെ ജീവിതത്തെയും സ്വപ്നങ്ങളെയും കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ കേരള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ഉള്‍പ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പിന്തുണ പ്രഖ്യാപിക്കുന്നു.
സിനിമയെ ആഘോഷിക്കുന്നതിനൊപ്പം, യുവതലമുറയുടെ സ്വപ്നങ്ങളും ഭാവിയും സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുക്കുകയാണ് 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്. ബന്ധപ്പെടേണ്ടവർ ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ് & ജൂറി ചെയർമാൻ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ തേക്കിൻകാട് ജോസഫ് ജനറല്‍ സെക്രട്ടറി കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ.






