തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെയും പാർട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സൈബറിടത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍ രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വലിയൊരു വിഭാഗം പ്രവർത്തകർ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ആരോപണവിധേയനായി പ്രതിച്ഛായ നഷ്ടമായപ്പോഴും സ്വന്തം നേതാക്കള്‍ പോലും തള്ളിപ്പറഞ്ഞപ്പോഴും, രാഷ്ട്രീയ പക്വതയോടെ പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാത്ത യുവനേതാവാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി സംസ്ഥാന നേതാക്കളെയും പ്രസ്ഥാനത്തെയും രൂക്ഷമായി വിമർശിച്ചാണ് പത്മജ ബിജെപിയിലേക്ക് പോയത്. പത്മജയെ തിരിച്ചെടുക്കുന്നതു തന്നെ തെറ്റാണെന്നും, തിരിച്ചെടുത്താല്‍ തന്നെ മുൻപ് പറഞ്ഞ കാര്യങ്ങള്‍ക്ക് മാപ്പ് പറയണമെന്നും സ്ഥാനമാനങ്ങള്‍ നല്‍കരുതെന്നുമാണ് സൈബറിടത്തിലെ പൊതുവികാരം.
പാർട്ടിയെ നാണംകെടുത്തി വർഗീയ കൂടാരത്തില്‍ ചേക്കേറിയ പത്മജയെ കേവലം സഹോദരസ്നേഹത്തിന്റെ പേരില്‍ തിരിച്ചുകൊണ്ടുവരാൻ നേതൃത്വത്തിന് കഴിയുമെങ്കില്‍, മുന്നണിയെ 102 സീറ്റില്‍ അധികാരത്തിലെത്തിക്കാൻ ഗണ്യമായ പങ്കുവഹിച്ച ചെറുപ്പക്കാരന് ഒരവസരം നല്കാൻ എന്താണ് മടിയെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. വെറും ആരോപണങ്ങളുടെ പുറത്താണ് രാഹുലിനെ പുറത്താക്കിയതെന്നും, കഴിഞ്ഞ ആറുമാസമായി പരാതികളൊന്നും നിലവിലില്ലെന്നും ഇവർ വാദിക്കുന്നു. രാഹുലിനെതിരെ നടപടിയെടുത്തതുകൊണ്ട് യുഡിഎഫിന് ഒരു വോട്ട് പോലും അധികം ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ സിപിഎമ്മിനെതിരെ അദ്ദേഹം നടത്തിയ പ്രചാരണങ്ങള്‍ ഓരോ മണ്ഡലത്തിലും ആയിരത്തിലധികം വോട്ടുകള്‍ നേടിക്കൊടുത്തിട്ടുണ്ടാകുമെന്നും കുറിപ്പുകളില്‍ പറയുന്നു.






