തിരുവനന്തപുരം: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേരളത്തെ കബളിപ്പിച്ച സംഭവമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെ കേസില്‍ പ്രതിചേര്‍ത്ത നടപടിക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നുവെന്നും ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് പോകട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അധ്യാപക സംഘടനയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 11 വര്‍ഷമായി ചെയ്യാത്ത കാര്യങ്ങള്‍ ആറുമാസം കൊണ്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും, സമരം ഉദ്ഘാടനം ചെയ്യാന്‍ മുന്‍മുഖ്യമന്ത്രി തന്നെ എത്തുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വര്‍ഷം സമരം ചെയ്യാന്‍ കഴിയാതെ പോയതിന്റെ വിഷമമാണ് അതിന് പിന്നിലെന്നും ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലുണ്ടായ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്, മുന്‍ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നവംബര്‍ 23 തിങ്കളാഴ്ച കളമശ്ശേരി കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആര്.ബി.സിക്കായി മുന്‍ മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും, നടപടികള്‍ നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സ്റ്റേഡിയം കൈമാറ്റത്തില്‍ സുതാര്യത കുറവുണ്ടായിരുന്നുവെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാല് ദിവസവും സൗജന്യമായി കൈമാറിയത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ഇതിനായി ഒരേപോലെ പ്രവര്‍ത്തിച്ചുവെന്നും, സര്‍ക്കാരിന് ബാധ്യതയാകുന്ന ഉപാധികള്‍ ഉള്‍പ്പെടുത്തിയെങ്കിലും കൃത്യമായ കരാര്‍ രൂപീകരിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 20 ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.





