പാലക്കാട്: ഒറ്റപ്പാലത്ത് കെഎസ്ഇബി ജീവനക്കാർ വീട്ടില്‍ കയറി ദമ്പതികളെ മർദിച്ചതായി പരാതി. കയറമ്പാറ മൂർക്കനാട് വീട്ടില്‍ ജേക്കബ് (56), ഭാര്യ ലത (54) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിലേക്ക് ജേക്കബ് പലതവണ വിളിച്ചതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. വീട്ടില്‍ കിടപ്പുരോഗിയുണ്ടെന്നും ഉച്ചയ്ക്ക് മുമ്പ് മുടങ്ങിയ വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് അറിയാനാണ് ആദ്യം വിളിച്ചതെന്നും ജേക്കബ് പറയുന്നു. പത്ത് മിനിറ്റിനുള്ളില്‍ വൈദ്യുതി എത്തുമെന്ന് ഓഫീസില്‍നിന്ന് മറുപടി ലഭിച്ചു.
എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞിട്ടും വൈദ്യുതി എത്താതായതോടെ വീണ്ടും വിളിച്ചു. ഫോണ്‍ എടുക്കാതായതോടെ തുടർച്ചയായി ബന്ധപ്പെട്ടെന്നും ഇതില്‍ പ്രകോപിതരായ ജീവനക്കാർ വീട്ടിലെത്തി മർദിക്കുകയായിരുന്നുവെന്നുമാണ് ജേക്കബിന്റെ പരാതി.
മർദനത്തില്‍ ജേക്കബിന്റെ മൂക്കിനും മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഭാര്യ ലതയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്.






