പാലക്കാട്: സി.പി.ഐ - സി.പി.എം തർക്കത്തില്‍ മുതലെടുപ്പ് നടത്താൻ യു.ഡി.എഫ് ശ്രമിക്കേണ്ടെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് എ.കെ. ബാലൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സി.പി.ഐയും സി.പി.എമ്മും. ചെങ്കൊടിയുടെ ഒരു കഷ്ണം എങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുന്നവരാണ് യു ഡി എഫ് എന്നും അദ്ദേഹം വിമർശിച്ചു.
രണ്ട് പാർട്ടികള്‍ക്കും അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവകാശമുണ്ട്. പാർട്ടിയുടെ നിലപാടാണ് പിണറായി വിജയൻ പറഞ്ഞത്, സി.പി.ഐയുടെ നിലപാടാണ് സത്യൻ മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത്. നേതാക്കളുടെയും അണികളുടെയും ഐക്യം മുൻപത്തേക്കാള് ശക്തമാണെന്നും എ. കെ. ബാലൻ കൂട്ടിച്ചേർത്തു.
സ്ത്രീകളെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. സ്ത്രീവിരുദ്ധ പരാമർശം ദൈവം വന്ന് പറഞ്ഞാലും സി.പി.എം അംഗീകരിക്കില്ലെന്ന് ബാലൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഡി.സി.സി അംഗം മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം കോണ്‍ഗ്രസിനുള്ളില്‍ സതീശനെതിരെയുള്ള വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് വിമാനത്തില്‍ വെച്ച് പിണറായി വിജയനെ തടഞ്ഞ ഗുണ്ടാസംഘത്തെ വളർത്തിയത് കെ. സുധാകരനും വി. ഡി. സതീശനുമാണ്. ആ സംഭവത്തില്‍ സതീശൻ പിണറായിയോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ബാലൻ ആവശ്യപ്പെട്ടു.






