കൊട്ടാരക്കര: ക്ഷേത്രത്തിലെ തിരക്കിനിടയില്‍ മൂന്നുവയസ്സുകാരിയുടെ കാലിലെ സ്വർണാഭരണം കവർന്ന സ്ത്രീ അറസ്റ്റില്‍.
പരവൂർ നെടുങ്ങോലം കളിയാട്ടുവിള വീട്ടില്‍ രമ (67) യാണ് അറസ്റ്റിലായത്.ഈ മാസം 17ന് രാവിലെ 9.20 ഓടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശൂരനാട് സ്വദേശിയായ വീട്ടമ്മ മൂന്ന് വയസ്സുള്ള കുട്ടിയുമായി ദർശനത്തിനെത്തിയപ്പോള്‍ തിരക്കിനിടയില്‍ കുട്ടിയുടെ കാലിലുണ്ടായിരുന്ന നാല് ഗ്രാം സ്വർണാഭരണം മോഷണം പോയതായി കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇവർ മുമ്പും കൊട്ടാരക്കര ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെന്നും, കൊട്ടാരക്കരയിലെ ചില ജ്വല്ലറിക്കാരുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് പ്രതി പരവൂർ സ്വദേശിയാണെന്ന് വ്യക്തമായത്.പിന്നീട് വീണ്ടും മോഷണത്തിനായി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്.
കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവർക്കെതിരെ നിരവധി മോഷണക്കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാലങ്ങളായി ഇവർ ഒളിവിലായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര എസ്എച്ച്ഒ ഹേമന്ത് മോഹന്റെയും പിങ്ക് പോലീസിന്റെയും ശ്രമഫലമായാണ് പ്രതി പിടിയിലായത്.






