കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയില്‍ നിന്നുള്ള ഈ വാർത്ത ശരിക്കും അത്ഭുതപ്പെടുത്തും. 'ജിന്ന് ' ബാധിച്ചു എന്ന് കരുതി ഒരു 16 കാരൻ കഴിഞ്ഞ അഞ്ച് വർഷമായി ദിവസത്തിന്റെ ഭൂരിഭാഗവും കുളത്തിലാണ് കഴിയുന്നത്.
ചില അവസരങ്ങളില്‍ ഒരാഴ്ച കുളത്തില്‍ നിന്ന് കയറുകയേ ഇല്ല!
മുർഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ നിന്നുള്ള 16 കാരനായ ഇഖ്ബാല്‍ ഷെയ്ഖ് ആണ് ഈ വാർത്തയിലെ കേന്ദ്രബിന്ദു. വെള്ളത്തിന് പുറത്തിറങ്ങുമ്പോഴെല്ലാം ശരീരത്തിലാകെ ശക്തമായൊരു എരിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് ഇഖ്ബാല്‍ പറയുന്നത്. ജിന്നിന്റെ ബാധയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഇഖ്ബാല്‍ വിശ്വസിക്കുന്നു.
ഗ്രാമത്തിലെ കുളങ്ങളില്‍ രാവും പകലും ചെലവഴിക്കുന്ന ഇഖ്ബാല്‍, ചില അവസരങ്ങളില്‍ തുടർച്ചയായി ഒരാഴ്ച വരെ വെള്ളത്തില്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വായു ഏല്ക്കുമ്പോള് ചർമ്മത്തില്‍ എരിച്ചില്‍ അനുഭവപ്പെടാൻ തുടങ്ങുമെന്നും, തിരിച്ച് വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍ ആ വേദന ശമിക്കുമെന്നുമാണ് ഇഖ്ബാല്‍ പറയുന്നത്. ഈ അനുഭവം ഒരു അമാനുഷിക ശക്തിയുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ കൗമാരക്കാരൻ, ഇതിന് കാരണം ജിന്നോ ആത്മാവോ ആണെന്ന് വിശ്വസിക്കുന്നു. എന്നാല്‍, ലക്ഷണങ്ങള്‍ക്ക് പിന്നിലുള്ള യഥാർത്ഥ വൈദ്യശാസ്ത്രപരമോ മാനസികമോ ആയ കാരണം എന്താണെന്ന് വ്യക്തമല്ല.
ഈ അസാധാരണ ജീവിതരീതി കുട്ടിയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ദീർഘനേരം വെള്ളത്തിലിരിക്കുന്നത് കാരണം ഇഖ്ബാലിന്റെ കൈകളുടെയും കാലുകളുടെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെയും ചർമ്മം വിളറിയിട്ടുണ്ട്. കൂടാതെ നിരന്തരമായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും പനിയും ചുമയും ഉള്ളതായി നാട്ടുകാർ പറയുന്നു.
ഗ്രാമവാസികള്‍ എത്തിച്ചുനല്‍കുന്ന അവില്, ബിസ്കറ്റ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിച്ചാണ് ഇഖ്ബാല്‍ ജീവിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാർ കുളത്തിന് ചുറ്റും തടിച്ചുകൂടി ഇഖ്ബാലിനെകൗതുകത്തോടെ വീക്ഷിക്കുന്നത് ഒരു കാഴ്ചയായി മാറിയിരിക്കുകയാണ്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിച്ചുവരുന്നുണ്ട്.
കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ അടുത്തുള്ള ബ്ലോക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചിരുന്നെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടർചികിത്സ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തെ വെള്ളത്തില്‍ നിന്ന് പുറത്തിറക്കാൻ ബന്ധുക്കളും നാട്ടുകാരും നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.'അക്വാജെനിക് പ്രുരിറ്റസ്' എന്ന അപൂർവ്വ അവസ്ഥയാണ് ഇതിന് കാരണമെന്ന് സമീപകാല റിപ്പോർട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇഖ്ബാലിന് ഈ രോഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.






