മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് പദയാത്ര. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയത് . മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രമായി ഒരുക്കുന്ന പദയാത്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . ഡിസംബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക .
അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് . ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് . ഡോക്ടർ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം, ഒരു പീരിയഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്ന സൂചനയും ട്രെയ്ലർ നൽകുന്നുണ്ട്. മലയാള സിനിമയിലെ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള 2 ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്.
ഇന്ദ്രൻസ്, ഗ്രേസ് ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി മീരസാഹിബ്, നിർമ്മാണ സഹകരണം ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം സുനിൽ സിംഗ്, നിർമ്മാണ നിയന്ത്രണം ബിനു മണമ്പൂർ, ചമയം റോണക്സ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം എസ് ബി സതീശൻ, അഭിജിത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ശബ്ദമിശ്രണം കിഷൻ മോഹൻ (സപ്ത റെക്കോർഡ്), ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, നിശ്ചല ഛായ നവീൻ മുരളി, പരസ്യ പ്രചരണം വിഷ്ണു സുഗതൻ, പരസ്യകല ആഷിഫ് സലിം, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് അണിയറ പ്രവർത്തകർ .






